जुलाई 2026

भाषान्तरവീണ്ടും ഒരു തയ്യാറെടുപ്പ്/ फिर से तैयारी     Posted: July 1, 2026

ഡോ. കവിത ഭട്ട്(डॉ. कविता भट्ट)

വിവ: ഡോ. അനീഷ് സിറിയക്(अनुः डॉ. अनीश सिरियक)

അകത്തുനിന്ന് പൊട്ടിച്ചിരികളുടെ മുഴക്കവും ചായയുടെയും പകോടയുടെയും സുഗന്ധവും പുറത്തേക്ക് വരുന്നുണ്ടായിരുന്നു. അതോടൊപ്പം ദീർഘമായ അഭിമുഖത്തിന് ശേഷം, സൗമ്യയും പരിശ്രമശീലയുമായ ഏകദേശം മധ്യവയസ്‌കയായ ഒരു സ്ത്രീ ശീതീകരിച്ച മുറിയിൽ നിന്ന് പുറത്തേയ്ക്ക് വന്നു.  അവിടെത്തന്നെ കാത്തിരുന്ന ഒരു യുവതി അവളോട് ചോദിച്ചു:

“താങ്കളുടെ പേരെന്താണ്?”

ഡിഗ്രികളുടെയും പുസ്തകങ്ങളുടെയും ഭാരം നിറഞ്ഞ ബാഗും പിടിച്ച് പുറത്ത് വന്ന സ്ത്രീ മറുപടി പറഞ്ഞു:

“എന്‍റെ പേര് വിദ്യാ.”

സുന്ദരിയായി ഒരുങ്ങി അലങ്കരിച്ച് നിന്നിരുന്ന  യുവതി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:

“എന്‍റെ പേര് വ്യവസ്ഥ. എനിക്കും ഇവിടെ ജോലി കിട്ടണമെന്നാണ് ആഗ്രഹം. താങ്കളുടെ കൈവശം എത്രയോ യോഗ്യതകളുണ്ട്. എന്‍റെ കൈവശമാകട്ടെ, ഒരു ഫോൾഡറിൽ രണ്ടോ നാലോ രേഖകൾ മാത്രം. എന്നാലും ഈ അഭിമുഖത്തിൽ പങ്കെടുത്ത്  നോക്കട്ടെ.”

ആത്മവിശ്വാസം നിറഞ്ഞ മുഖവും തിളങ്ങുന്ന കണ്ണുകളുമായി അവൾ അകത്തേക്ക് നടന്നു.

കുറച്ച്  മിനിറ്റുകൾക്കുള്ളിൽ തന്നെ അവൾ തിരികെ പുറത്തേയ്ക്ക് വന്നു.

ഇരുവരും വീടുകളിലേക്ക് മടങ്ങാൻ ഒരുങ്ങവെ വ്യവസ്ഥ ചോദിച്ചു:

“ഞാൻ മാർക്കറ്റിനടുത്താണ് താമസിക്കുന്നത്. നിങ്ങളോ?”

വിദ്യാ മറുപടി പറഞ്ഞു:

“ക്ഷേത്രത്തിനടുത്ത്.”

വ്യവസ്ഥ തന്‍റെ വിലകൂടിയ കാറിൽ കയറാൻ ഒരുങ്ങുമ്പോൾ വിദ്യാ അതിലേക്ക് ഒരു നിമിഷം ആകാംക്ഷയോടെ നോക്കി. കണ്ണുകൾ ചിമ്മിക്കൊണ്ട് വ്യവസ്ഥ പറഞ്ഞു:

“വരൂ, താങ്കളെ വീട്ടിൽ ഇറക്കിയിട്ട് പോകാം.”

വിദ്യാ ശാന്തമായി പറഞ്ഞു:

“ക്ഷമിക്കണം, സഹോദരീ. വിലകൂടിയ കാറുകളിൽ യാത്ര ചെയ്ത് എനിക്ക് ശീലമില്ല. ഞാൻ നടന്നു പൊയ്ക്കൊള്ളാം.”

ഒരു നിമിഷംകൊണ്ട് വ്യവസ്ഥയുടെ കാർ കാഴ്ചയിൽനിന്ന് മറഞ്ഞു.

വിദ്യാ ഏറെ നേരം കാത്തിരുന്നതിന് ശേഷമാണ് ഒരു ഓട്ടോ കിട്ടിയത്. വഴിയിലെ കുലുക്കങ്ങൾ സഹിച്ച് അവൾ വീട്ടിലെത്തി.

രാത്രിയിൽ അവൾ മൊബൈൽ ഫോൺ തുറന്നു. നിയമനപ്പട്ടിക ആ വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.

അവൾ അതിലേക്ക് നോക്കി.

ആദ്യ സ്ഥാനത്ത് വ്യവസ്ഥയുടെ പേരായിരുന്നു.

വിദ്യാ രണ്ടു മൂന്നു തവണ പട്ടിക പരിശോധിച്ചു. അവൾക്ക് സ്വന്തം കണ്ണുകളെ തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ജീവിതം മുഴുവൻ പഠനത്തിനും എഴുത്തിനുമായി സമർപ്പിച്ച അവളുടെ പേര് പട്ടികയിൽ ഒരിടത്തും ഉണ്ടായിരുന്നില്ല.

നിശ്ശബ്ദയായി അവൾ  തന്‍റെ പഴയ കട്ടിലിൽ ഇരുന്നു.  കുറേസമയം മുഖം കിടക്കയിലേക്ക് അമർത്തിക്കൊണ്ട് അവൾ പൊട്ടിക്കരഞ്ഞു.

വിദ്യയുടെ മനസ്സ് പൂർണ്ണമായും തകർന്നു പോയിരുന്നു.

എന്നാൽ കുറച്ചു സമയത്തിനു ശേഷം അവൾ  എഴുന്നേറ്റു. തണുത്ത വെള്ളത്തിൽ മുഖം കഴുകി. പിന്നെ ഒരു കുറിപ്പുപുസ്തകവും പേനയും എടുത്ത് വീണ്ടും തയ്യാറെടുപ്പ് തുടങ്ങി.

गतिविधियाँ

  • सम्पर्क:-

    सुकेश साहनी

    185,उत्सव,महानगर पार्ट–2
    बरेली–243122 (उ.प्र.)


    sahnisukesh@gmail.com

    रामेश्वर काम्बोज ´हिमांशु´

    रचनाएँ भेजने के लिए ई-मेल-:-

    laghukatha89@gmail.com

    विशेष सूचना-:-

    पूर्व अनुमति के बिना लघुकथा डॉट कॉंम की सामग्री का उपयोग नहीं किया जा सकता ।

    केवल स्वीकृत रचनाओं की ही सूचना दी जाती है।

    -सम्पादक द्वय

Design by TemplateWorld and brought to you by SmashingMagazine